ശുദ്ധമുള്ള മറുരൂപ പെരുന്നാളിൽ താബോർ മലയിൽ വച്ച് തന്റെ ശിഷ്യന്മാരിൽ പ്രധാനികളായവർക്ക് ക്രിസ്തു തന്നെ തന്നേ വെളിപ്പെടുത്തി കൊടുക്കുന്നതിന്റെ ഓർമ്മയെ വി: സഭ കൊണ്ടാടുന്നു.
(ഡീ: ഷിബു ഈപ്പൻ; ഇലഞ്ഞിത്തറ)
ശുദ്ധമുള്ള ത്രിത്വത്തിൽ രണ്ടാമനായ നമ്മുടെ കർത്താവേശുമിശിഹാ നമ്മുടെ ഇടയിൽ മനുഷ്യനായി ജീവിച്ചു അതായത് അവൻ പൂർണ്ണ മനുഷ്യനായിരിക്കെ പൂർണ്ണ ദൈവവും ആയിരുന്നു. ശുദ്ധമുള്ള മറുരൂപ പെരുന്നാളിൽ താബോർ മലയിൽ വച്ച് തന്റെ ശിഷ്യന്മാരിൽ പ്രധാനികളായവർക്ക് ക്രിസ്തു തന്നെ തന്നേ വെളിപ്പെടുത്തി കൊടുക്കുന്നതിന്റെ ഓർമ്മയെ വി: സഭ കൊണ്ടാടുന്നു. തന്റെ മനുഷ്യാവതാര വ്യാപാര കാലഘട്ടത്തിന്റെ പരിസമാപ്തിയിലെ പീഡാസഹനവും കാല്വറി മലയിലെ ദിവ്യബലിയും തന്റെ ശിഷ്യന്മാരുടെ മനോബലത്തെ തകർക്കാതിരിക്കുവാൻ തക്കവണ്ണം ക്രിസ്തു തന്റെ ദിവ്യരൂപം ശിഷ്യ ഗണത്തിനു കാണിച്ചു കൊടുത്തു അവരെ ധൈര്യപ്പെടുത്തുക എന്ന ഉദ്ദേശ്യം ആയിരിക്കാം ഇവിടെ കർത്താവ് പ്രാവർത്തികമാക്കിയത്.
സുവിശേഷങ്ങളിലും അപ്പോസ്തോലിക ലേഖനങ്ങളിലും ഈ സംഭവത്തെ വിവരിക്കയിൽ ക്രിസ്തു സംഭവത്തിൽ ഈ പെരുന്നാളിന്റെ പ്രാധാന്യത്തെ നാം ഗ്രഹിക്കേണ്ടതാണു.
രണ്ടു കാര്യങ്ങൾ ഈ ഭാഗത്ത് നാം മനസിലാക്കേണ്ടതുണ്ട് ഒന്നാമതായി വാങ്ങിപോയിരിക്കുന്ന നമ്മുടെ പൂർവ്വ പിതാക്കളുടെ സജ്ജീവ അവസ്ഥ; നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച മോശയും സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ഏലിയാവും രക്ഷാകര പദ്ധതിയിൽ ഭാഗവാക്കുകളാകുന്നു എന്നതു പോലെ ക്രിസ്തുവിൽ മൃതരായ വിശ്വാസികളും പിൻഗാമികളുടെ രക്ഷണ്യ യാത്രയിൽ ആകാംഷാലുക്കളും അഭ്യുദേയ കാംഷികളും ആയിരിക്കും എന്ന സത്യം നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു.
രണ്ടാമതായി; ശ്ലീഹേന്മാരിൽ തലവനായ ഉന്നതപ്പെട്ട മോർ പത്രോസ് പറയുന്നു, “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.” (ലൂക്കോ :9:33) ക്രിസ്തുവിന്റെ മഹിമാവിങ്കൽ പത്രോസ് തന്നെ തന്നേയും ലോക മോഹങ്ങളെയും വിസ്മരിക്കുന്നതും ആ മഹത്വത്തിങ്കൽ പാർക്കുവാൻ കാംഷിക്കുന്നതും കാണുമ്പോൾ ആയതിന്റെ സൗന്ദര്യവും സുഖാനുഭൂതിയും എത്ര ആനന്ദകരം എന്നും ഗ്രഹിക്കേണം.
ആകയാൽ ഈ മോറാനായ പെരുനാൾ നാം കൊണ്ടാടുമ്പോൾ നമ്മുടെ ലൗകീക വിചാര ഭാരങ്ങളെ ഇറക്കിവച്ച് സർവ്വ വിശുദ്ധന്മാരുമായി ദൈവിക താബോറിലേക്ക് പ്രവേശിക്കുകയും പിതാവാം ദൈവത്തിന്റെ ശബ്ദം കേട്ട് പുത്രനിൽ തേജസ്കരണം പ്രാപിച്ച് പരിശുദ്ധറൂഹായിൽ പൂർണ്ണരാകുവാൻ പ്രാർത്ഥനയോടെ ഒരുങ്ങാം.
ദൈവം അനുഗൃഹിക്കട്ടെ
COMMENTS