HomeArticlesGospel

“സഹന വീഥിയിലെ സഹയാത്രികൻ”

പഴയ നിയമത്തിൽ നിഴലായി കൂടെ നടന്നവൻ ഇതാ ഇന്ന് പുതിയ നിയമത്തിൽ പൂർണ്ണ അർത്ഥത്തിൽ കൂടെ ജീവിക്കുന്നു. മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി സ്വയം പീഡയനുഭവിച്ച്‌ മരണത്തെ തച്ചുടച്ച്‌ അവനിതാ എന്നിൽ വന്നു നിറയുന്നു.സങ്കടങ്ങളുടെ ദു:ഖവെള്ളിക്കും അപ്പുറത്തു ഉയിര്‍പ്പിന്റെ വലിയ സന്തോഷം ഉണ്ടെന്നു എന്നെ പഠിപ്പിച്ചത് അവനാണു.

Image Courtesy
https://request.org.uk/restart/2016/06/09/joseph-and-his-dreams/

(ഡീ.ഷിബു ഈപ്പൻ; ഇലഞ്ഞിത്തറ.)
സഹനങ്ങളുടെ അനേക കഥകളാണു തിരുവചനത്തിൽ തുടക്കം മുതൽ ഒടുക്കം വരെ അനുവാചകർക്ക്‌ കാണുവാൻ സാധിക്കുക. എന്തു കൊണ്ടാണു സ്നേഹവാനായ ദൈവം തന്റെ ഇഷ്ടഭാജനമായ മനുഷ്യനു കഷ്ടതയും സഹനവും അനുവദിക്കുന്നു എന്നത്‌ ഏതൊരു വിശ്വാസിയെയും അലട്ടുന്ന ചോദ്യമാണു. നീതിമാന്മാരും വിശുദ്ധരുമായ ദൈവ ദാസന്മാർ എല്ലാവരും ലോകദൃഷ്ടിയിൽ സഹനത്തിന്റെ. തീച്ചൂളയിലൂടെ കടന്നു പോയ അനുഭവം വചനത്തിലും വി. സഭാ പാരമ്പര്യത്തിലും പഠിക്കുന്നത്‌ പലപ്പോഴും നമ്മെ ആകുല ചിത്തരാക്കിയിരിക്കാം.

Gary Richmond ന്റെ പ്രസിദ്ധമായ ഒരു കൃതിയുണ്ട്‌, ‘A view from the zoo.’

അതിൽ മനോഹരമായൊരു വനദൃശ്യ വർണ്ണനയുണ്ട്‌. ഒരു അമ്മ ജിറാഫ്‌ അതിന്റെ കുഞ്ഞിനെ എങ്ങനെ മികച്ച അതിജീവനത്തിനു പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണത്. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞാലുടൻ ജിറാഫ് മറ്റേതൊരു അമ്മയും ചെയ്യുന്നതുപോലെ പിറന്നുവീണ കുഞ്ഞിനെ കൺകുളിർക്കെ ഒന്നു നോക്കി കാണും. അപ്പോൾ കുഞ്ഞുജിറാഫ് അതിന്റെ കണ്ണുകൾ സ്നേഹ കാംഷയോടെ അമ്മയുടെ മുഖത്തേക്ക് തിരിക്കും. ‘എന്റെ അമ്മ എന്നെ ഇപ്പോൾ താലോലിക്കും, നക്കും, ചുംബനം കൊണ്ട്‌ പൊതിയും എന്നൊക്കെയായിരിക്കും ആ കുഞ്ഞ് പ്രതീക്ഷിക്കുക. പക്ഷേ, അതിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്‌ അമ്മ ജിറാഫ്‌ അതിന്റെ കാൽ ഉയർത്തി നിലത്തു കിടക്കുന്ന കുഞ്ഞിനെ ആഞ്ഞ്‌ തൊഴിക്കും. അപ്രതീക്ഷിതമായ തൊഴി കിട്ടുമ്പോൾ കുഞ്ഞുജിറാഫ് വേദനകൊണ്ട് പുളയും. അത് അമ്മയിൽനിന്ന് രക്ഷപ്പെടുവാൻ പുറകോട്ടു നിരങ്ങി നീങ്ങും. എന്നാലും ആ അമ്മ വിടുകയില്ല. അത് പിറകെ ചെന്ന് വീണ്ടും വീണ്ടും തൊഴിക്കും. ഇപ്രാവശ്യം കുഞ്ഞ് ജിറാഫ്‌ മറ്റു മാർഗമില്ലാത്തതിനാൽ എഴുന്നേല്ക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അതിന്റെ കുഞ്ഞുകാലുകളിൽ അത് വിറച്ച്, വിറച്ച് എഴുന്നേറ്റ് നില്ക്കുമ്പോൾ അമ്മ ജിറാഫ്‌ അതിന്റെ വിറയ്ക്കുന്ന കാലുകളിൽ നോക്കി വീണ്ടും തൊഴിക്കും. അപ്പോൾ ആ കുഞ്ഞ് നിലത്ത് വീഴും അപ്പോൾ അമ്മ നിർദാക്ഷിണ്യം വീണ്ടും തൊഴിക്കും. സഹികെട്ട്‌ ആ പിഞ്ചു കുഞ്ഞ് എഴുന്നേറ്റ്‌ തള്ളയിൽനിന്ന് രക്ഷപ്പെടുവാൻ മെല്ലെ ഓടുവാൻ ശ്രമിക്കുന്നു. തള്ള പിന്തുടർന്ന് വീണ്ടും തൊഴിക്കുന്നു. ഈ പരിശീലനം മണിക്കൂറുകളോളം നീണ്ടുനില്ക്കുന്നു. പരിശീലനത്തിലൂടെ കുഞ്ഞ് മികച്ച, വേഗമേറിയ ഓട്ടക്കാരനായി മാറുന്നു.
ലോകത്തിന്റെ ഹ്രസ്വദൃഷ്ടിയിൽ ചിന്തിച്ചാൽ

ആ അമ്മക്ക്‌ കുഞ്ഞിനോട് സ്‌നേഹമില്ലാത്തതുകൊണ്ടാണോ ഇപ്രകാരം അതിനെ തൊഴിച്ച് വേദനിപ്പിക്കുന്നത്?

അല്ലെന്നു മാത്രമല്ല, ആ മാതൃ ഹൃദയത്തിനു കുഞ്ഞിനോട് അതിരുകവിഞ്ഞ സ്‌നേഹം ഉള്ളതുകൊണ്ടുതന്നെയാണത്. ജിറാഫ് കുഞ്ഞിനെ പ്രസവിക്കുന്നത് ഘോര വനത്തിലാണ്. അവിടെ ഏതു നിമിഷവും ഹിംസ്രജന്തുക്കൾ കടന്നുവരാം, അപ്പോൾ അമ്മ ജിറാഫിന് ഓടി രക്ഷപ്പെടാം എന്നാൽ തന്റെ കുഞ്ഞിന്റെ കാര്യമോ? അതിനെ ചുമന്നുകൊണ്ടുപോകുവാൻ മാതാവിനു സാധിക്കില്ല സ്വയം ഓടി രക്ഷപ്പെടുവാൻ സാധിച്ചില്ലെങ്കിൽ അതിന്റെ ജീവൻ അപകടത്തിലാകും. അതുകൊണ്ട് തല്ക്കാലം ഈ പരിശീലനം വേദനാജനകമാണെങ്കിലും, ആത്യന്തികമായി അത് കുഞ്ഞിന്റെ നന്മയ്ക്ക് വേണ്ടിയാണു. അതേ, ഇതാണു സഹനങ്ങളുടെ തീച്ചൂള അനുവദിച്ചു തരുന്ന നമ്മെ, അമ്മയെക്കാൾ ഉറ്റ്‌ സ്നേഹിക്കുന്ന സ്നേഹ സ്വരൂപനായ ദൈവത്തിന്റെ മനഃസ്ഥിതിയും.

അപ്പന്റെ പ്രിയ പുത്രനായി ഉൽപത്തി പുസ്തകത്തിലെ യോസേഫ്‌ പാലും തേനും ഒഴുകുന്ന കനാൻ ദേശത്തെ സുഖ ശീതളതയിൽ ഉണ്ടുറങ്ങി തന്റെ ജീവിതം ജീവിച്ചു തീർന്നിരുന്നെങ്കിൽ ആ ദിവ്യ നാമം ലോകചരിത്രത്തിന്റെ ഭാഗമാകില്ലായിരുന്നു. ദൈവം അവനെ തനിക്ക്‌ ഉചിത പാത്രമക്കുവാനായി പിതാവിന്റെ സ്നേഹ വക്ഷസ്സിൽ നിന്നും അടർത്തി എടുത്തു. സ്വസഹോദരങ്ങളുടെ അപ്രീതിയും ദേഹോപദ്രവവും മുതൽ പൊട്ട കിണറ്റിലും അടിമ വീട്ടിലും മാത്രമല്ല ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട്‌ അവനെ കാരാഗൃഹത്തിലും എത്തിച്ചു. എന്നിട്ടാണു അവിടെ നിന്നും ഫറവോയുടെ കൊട്ടാരത്തിലേക്ക്‌ വഴി നടത്തിയത്‌. ഇവിടെ ഒരു കാര്യം പ്രത്യേകം മനസിലാക്കണം. നീതി കൈവിടാതെ യോസേഫ്‌ സഹനങ്ങളിലൂടെ കടന്നു പോകുന്ന ഓരോ അവസരത്തിലും. ദൈവം അവനോടു കൂടെയിരുന്നിരുന്നു. എന്നു വച്ചാൽ, അവൻ പൊട്ട കിണറ്റിൽ ആയിരുന്നപ്പോൾ അവന്റെ ദൈവം കൂടെ പൊട്ടകിണറിന്റെ പരിമിതിയിൽ ഉണ്ടായിരുന്നു. അതുപോലെ തന്റെ പ്രിയപ്പെട്ടവൻ തടവിൽ ആയപ്പോൾ സർവ്വ ശക്തനായവൻ കൂടെ കാരാഗൃഹത്തിൽ ഉണ്ടായിരുന്നു. യോസേഫ്‌ മാത്രമല്ല നീതിമാന്മാരായ മോശ, ഇയ്യോബ്‌, ദാവീദ്‌, ദാനിയേൽ തുടങ്ങി തൂബീദ് വരെ പഴയ നിയമത്തിൽ കഷ്ടതയിലൂടെ കടത്തി ദൈവം ശക്തീകരിച്ച അനേക വിശുദ്ധരെ കാണം. ഇവിടെയെല്ലാം ഒരു ഉറപ്പുണ്ട്‌, സഹിക്കാവുന്നതിൽ ഉപരി ഒരു സഹനവും തമ്പുരാൻ അനുവദിക്കുകയില്ല. ഇതാണു വിശ്വാസിയുടെ സഹനങ്ങൾക്ക്‌ ശക്തി പകരുന്നത്‌. അത്‌ പരിശുദ്ധനായ പൗലൂസ്‌ ശ്ലീഹാ അടിവരയിട്ട്‌ ഓർമ്മിപ്പിക്കുന്നുണ്ട്‌.1 കൊരിന്ത്യർ 1013. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

ജാപ്പനീസ്‌ ദൈവശാസ്ത്രജ്ഞനായ “Kosuke Koyama” എഴുതിയ ഒരു പുസ്തകമുണ്ട്‌ “Three mile an hour God” അതിൽ നാൽപതു സംവത്സരം തന്റെ ജനത്തോടൊന്നിച്ച്‌ (യിസ്രായേൽ) മരുഭൂമിയിലൂടെ നടന്ന ദൈവത്തിന്റെ ചലന വേഗത ഒരു മണിക്കൂറിൽ മൂന്നു മൈൽ ആയി ക്രമപ്പെട്ടു പോയി എന്നാണു ഗ്രന്ദകാരൻ സമർത്ഥിക്കുന്നത്‌. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഒരു ജനതതിയെ മുഴുവനായ്‌ ചെങ്കടലിലും ഘോര മരുവിലും കഷ്ടപ്പെടുവാൻ വിട്ടിട്ട്‌ ഉന്നത സിംഹാസനത്തിൽ ആരൂഡനായി കണ്ട്‌ ചിരിച്ച്‌ ആസ്വദിക്കുന്ന സാഡിസ്റ്റായ ദൈവമല്ല മറിച്ച്‌ മിസ്രയിമിൽ നിന്ന് എത്തിപ്പെടുന്ന പുതിയ രാജ്യത്ത്‌ എന്തിനും ഏതിനും പോന്ന ദൃഡതയുള്ള സമൂഹമാക്കി അവരെ മാറ്റുവാൻ കഷ്ടങ്ങൾ അനുവദിക്കുകയും. പകൽ മേഘതണലായും രാവിൽ അഗ്നി തൂണായും കൂടെ നടന്ന ദൈവമാണു നമുക്കുള്ളത്‌.

പഴയ നിയമത്തിൽ നിഴലായി കൂടെ നടന്നവൻ ഇതാ ഇന്ന് പുതിയ നിയമത്തിൽ പൂർണ്ണ അർത്ഥത്തിൽ കൂടെ ജീവിക്കുന്നു. മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി സ്വയം പീഡയനുഭവിച്ച്‌ മരണത്തെ തച്ചുടച്ച്‌ അവനിതാ എന്നിൽ വന്നു നിറയുന്നു.സങ്കടങ്ങളുടെ ദു:ഖവെള്ളിക്കും അപ്പുറത്തു ഉയിര്‍പ്പിന്റെ വലിയ സന്തോഷം ഉണ്ടെന്നു എന്നെ പഠിപ്പിച്ചത് അവനാണു.
ആഴിയിലെ അടങ്ങാത്ത തിരമാലകള്‍ പോലെ. ഒന്നൊഴിയാതെ വേദനകളും ദുഃഖങ്ങളും ജീവിതത്തോണിയിലേക്കു ആഞ്ഞടിക്കുമ്പോഴെല്ലാം യാതൊരു ഭാവവ്യത്യാസവുമില്ലാതെ അമരത്തിരുന്നുകൊണ്ടു ആശ്വസിപ്പിക്കുന്നവനാണു ക്രിസ്തു നാഥൻ. വേദനകളില്‍ നിരാശനാകുന്ന എന്നെ ആ മാറിലേയ്ക്ക് ചേര്‍ക്കുമ്പോള്‍ ഒരു കുഞ്ഞിനെപ്പോലെ പറ്റിച്ചേര്‍ന്നിരിക്കാനാണ് എനിക്കിഷ്ടം. കഷ്ടതകളിലും പ്രയാസങ്ങളിലും ഉഴറി ഒരിറ്റ്‌ ആശ്വാസത്തിനായി കേഴുമ്പോൾ, അവൻ ചാരേവന്ന് വാരി പുൽകി ആശ്വസിപ്പിക്കുന്നു എങ്കിൽ പിന്നെ എന്തു വേണം എനിക്ക്‌. കാൽവരിയിലെ ആ കഴുമരത്തിൽ വച്ച്‌ കഷ്ടതയുടെ പരമ്യത്തിൽ കുത്തി തുളയ്ക്കപ്പെട്ട ആ ഹൃദയത്തില്‍ നിന്നും നിര്‍ഗളിക്കുന്ന ജീവജലം ആണ് ആ നിമിഷങ്ങളിലൊക്കെ എന്റെ നിര്‍ജീവ ശരീരത്തിനു ജീവന്‍ പകരുന്നത്. അതേ, അവൻ എന്നെ ചേർത്ത്‌ പിടിച്ച്‌ എന്റെ കാതിൽ പറയുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു. (യോഹന്നാൻ 16:33)”.
ദൈവം അനുഗൃഹിക്കട്ടെ…

(ഷിബു ശെമ്മാശൻ)
Dn:Shibu Eapen; Elanjithara.

 

 

SHARE THIS POST

COMMENTS

WORDPRESS: 0