HomeChurch News

1934 ലെ ഭരണഘടന അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി യാക്കോബായ സുറിയാനി സഭ

"56 പള്ളികൾ നഷ്ടപ്പെട്ടിട്ടും 56 കുടുംബങ്ങൾ പോലും സഭയ്ക്ക് നഷ്ടപ്പെടാത്തത് വിശ്വാസികളുടെ വിശ്വാസ തീക്ഷ്ണത ഒന്ന് കൊണ്ട് മാത്രമാണ്. എന്തൊക്കെ നഷ്ടം സംഭവിച്ചാലും ആ വിശ്വാസം നഷ്ടപ്പെടുത്തുവാൻ പരിശുദ്ധ സഭ തയ്യാറല്ലായെന്നും"മെത്രാപ്പോലീത്തൻ ട്രസ്റ്റി നിലപാട് വ്യക്തമാക്കി.

പുത്തൻകുരിശ് ● 1934 ലെ ഭരണഘടന അംഗീകരിച്ച്‌ ഒറ്റ സഭയായി പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സുറിയാനി സഭ. യാക്കോബായ സുറിയാനി വിഭാഗം അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഒരു സഭയായി ശക്തമായി നിലനില്‍ക്കുമെന്നും യോജിപ്പ് സാധ്യമല്ലെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മെത്രാപ്പോലീത്തൻ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. യാക്കോബായ സഭ ഒരിക്കലും കോടതി വിധികള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ മെത്രാപ്പോലീത്ത ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.

‘യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാല്‍ ചില കാര്യങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍പ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. സര്‍ക്കാരുമായോ ഏത് ഏജന്‍സികളുമായോ ചര്‍ച്ചയ്ക്ക് തയ്യാറാണ്’ നൂറ് വര്‍ഷം പഴക്കമുള്ള കേസാണെന്നും യാഥാര്‍ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓര്‍ത്തഡോക്സ് സഭയും കണ്ണു തുറക്കണമെന്നും യാക്കോബായ സുറിയാനി സഭ അറിയിച്ചു.

SHARE THIS POST

COMMENTS

WORDPRESS: 0