ഓർമ്മകളിൽ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത...
ഓർമ്മകളിൽ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത; വിശ്വാസി സമൂഹം കണ്ണീരോടെ വിടയേകി
മുളന്തുരുത്തി : യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായ്ക്കു വിശ്വാസസമൂഹം കണ്ണീരോടെ വിടയേകി. താൻ ശുശ്രൂഷിച്ച ദൈവാലയത്തോടും വിശുദ്ധ മദ്ബഹായോടും യാത്ര ചോദിക്കുന്ന ഹൃദയഭേദകമായ പ്രാർഥനകളോടെ വെട്ടിക്കൽ ഉദയഗിരി എം.എസ്.ഒ.റ്റി സെമിനാരിയിലെ സെൻ്റ് അഫ്രേം ചാപ്പലിൽ ഗുരുവും ആത്മീയ പിതാവുമായ പുണ്യശ്ലോകനായ മോർ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ കബറിടത്തോട് ചേർന്ന് പ്രത്യേകം തയാറാക്കിയ കബറിൽ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ (59) ഭൗതിക ശരീരം കബറടക്കി.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 8 മണിക്ക് സെൻ്റ് അഫ്രേം സെമിനാരി ചാപ്പലിൽ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച കബറടക്ക ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്‍റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത എന്നിവർ ഉൾപ്പടെ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ ഡോ. മോർ സേവേറിയോസ് എബ്രാഹാം, ഡോ. മോർ ഈവാനിയോസ് മാത്യൂസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ ദിയസ്കോറോസ് കുര്യാക്കോസ്, മോർ തേവോദോസിയോസ് മാത്യൂസ്, മോർ അപ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ക്ലിമീസ് കുര്യാക്കോസ്, മോർ പീലക്‌സിനോസ് സഖറിയാസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്സന്ത്രയോസ് തോമസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു. കബറടക്ക ശുശ്രൂഷകൾക്കും ക്രമീകരണങ്ങൾക്കും മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകി.
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അനുശോചന കൽപ്പന മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത വായിച്ചു. സഭയോടും വിശ്വാസികളോടും സമൂഹത്തോടും ബന്ധുമിത്രാദികളോടും വൈദികരോടും യാത്ര ചോദിക്കുന്നതായിരുന്നു ആദ്യ ചടങ്ങ്. തുടർന്ന് ദൈവാലായത്തോട് യാത്ര ചോദിക്കുന്ന ചടങ്ങ് നടന്നു. വൈദികർ ചേർന്ന് ഭൗതിക ശരീരം നാലു ദിക്കുകളിലേക്കും മൂന്നു തവണ ഉയർത്തി ദൈവാലയത്തോട് യാത്ര ചോദിച്ചു. ഈ സമയം പള്ളി മണികൾ മുഴങ്ങവേ വിശ്വാസികൾ ’ദൈവത്തിന്‍റെ മഹാപുരോഹിത സമാധാനത്താലെ പോകുക’ എന്ന് പ്രതിവാക്യം ചൊല്ലി. തുടർന്നു ദൈവാലയത്തിന്‍റെ ചുറ്റം ഭൗതീകശരീരം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തിയശേഷം കബറിടത്തിങ്കലേക്കു എത്തിച്ചു.
മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത തൈലം ഒഴിക്കുകയും മോർ തേവോദോസിയോസ് മാത്യൂസ്, മോർ അപ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ് എന്നീ മെത്രാപ്പോലീത്തമാർ ചേർന്ന് മുഖം മൂടുകയും ചെയ്തു. കബറിടത്തിങ്കലേക്കു താഴ്ത്തിയതിനുശേഷം മെത്രാപ്പോലീത്താമാരും വൈദീകരും വിശ്വാസികളും കുന്തിരിക്കം കബറിടത്തിൽ നിക്ഷേപിച്ചു.
ഇന്ന് രാവിലെ മുതൽ പള്ളിയിൽ പൊതുദർശനത്തിനു വെച്ചിരുന്ന ഭൗതികശരീരത്തിൽ നാടിന്‍റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ബെന്നി ബഹനാൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മുൻ മന്ത്രി പി.സി തോമസ്, എറണാകുളം ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, സഭാ ട്രസ്റ്റി ഷാജി ചുണ്ടയിൽ, വൈദീക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. അനേകം വൈദീകരും വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.
ശനിയാഴ്ച കോയമ്പത്തൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിൽ നടന്ന ആദ്യ ഘട്ട ശുശ്രൂഷകൾക്കു ശേഷം പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുകയും ചുവന്ന മണ്ണ്, ചാലിശ്ശേരി, നെടുമ്പാശ്ശേരി എന്നീ പള്ളികളിൽ നഗരി കാണിക്കൽ ചടങ്ങോടെ ഭൗതിക ശരീരം ഞായറാഴ്ച പുലർച്ചെ 3 മണിക്ക് വെട്ടിക്കൽ സെമിനാരി സെൻ്റ് അഫ്രേം ചാപ്പലിൽ എത്തിച്ചു. ഇന്ന് യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ദുഃഖാചരണം നടത്തി.
COMMENTS