HomeArticles

തൂത്തൂട്ടി ചാപ്പലും വന്ദ്യ വടക്കേപ്പറമ്പിൽ മാത്യൂസ് കശീശായും

ശ്രീ എം.എം.തോമസ് മരവത്ത് എഴുതിയ സ്‌മരണാഞ്‌ജലി

1974 – ൽ സഭ രണ്ടു കക്ഷികളാകുന്നതു വരെ അമയന്നൂർ, തൂത്തുട്ടി, പറമ്പുകര, തണ്ടാശേരിൽ ഭാഗത്തെ സുറിയാനി ക്രിസ്ത്യാനികൾ കക്ഷിഭേദമെന്യേ തൂത്തുട്ടി കവലയിലുള്ള കാരാട്ട് കുന്നേൽ പള്ളിയുടെ കുരിശ് പള്ളിയിൽ ആരാധനയിൽ സംബന്ധിച്ച് വന്നിരുന്നു. എന്നാൽ കക്ഷിവഴക്ക് രൂക്ഷമായതിനെ തുടർന്ന് യാക്കോബായ വിശ്വാസികളായ ഇവർക്ക് ഈ കുരിശ് പള്ളിയിൽ പോകുവാൻ സാധിക്കാതെ ആയി. ഇന്നത്തെ പോലെ വഴിയും വാഹന സൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത് ഇടവക പള്ളിയായ മണർകാട് വിമർത്തമറിയം പള്ളിയിൽ പോകുന്നത് കുടുംബത്തിലെ ഒരു മുതിർന്ന വ്യക്തി മാത്രമായിരിക്കും. സ്ത്രീകളും കുട്ടികളും പ്രായമായവരും ആരാധനയിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിച്ചിരുന്ന ആ കാലഘട്ടത്തിൽ ഈ പ്രദേശത്തെ കുറെ ആളുകൾ പെരുമ്പിള്ളി തിരുമേനിയെ സമീപിച്ച് തങ്ങൾക്കായി ഒരു പള്ളി പണിത് തരണം എന്ന് ആവശ്യപ്പെടുകയുണ്ടായി. ആ സമയത്ത് തന്നെ ദൈവ നിശ്ചയം പോലെ വലിയ വീട്ടിൽ ശ്രീ കുര്യൻ അവർകൾ തന്റെ ഒന്നര ഏക്കർ സ്ഥലം പെരുമ്പിള്ളി തിരുമേനിക്ക് ദാനമായി നൽകി. രണ്ടു വ്യവസ്ഥകളാണ് ശ്രീ കുര്യൻ വച്ചത്. ഒന്ന് ഈ സ്ഥലത്ത് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ ഒരു പള്ളി പണിയണം. രണ്ട് കുര്യച്ചന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും ഓർമ്മ ദിനത്തിൽ അവരുടെ പേരുകൾ വി.കുർബാനയിൽ ഓർക്കണം.

പെരുമ്പിള്ളി തിരുമേനി അന്നാട്ടുകാരുടെ അപേക്ഷയും പരിഗണിച്ച് ഈ സ്ഥലത്ത് 1976-ൽ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയമാണ് തൂത്തുട്ടി ചാപ്പൽ. അന്ന് നമ്മുടെ സ്മര്യ പുരുഷനായിരുന്ന വടക്കേപ്പറമ്പിൽ മാത്യൂസ് കശീശാ ഒരു ശെമ്മാശൻ ആയിരുന്നു. ചാപ്പലിന്റെ നിർമ്മാണത്തിന് ഒരു ദേശത്ത് പട്ടക്കാരൻ എന്ന നിലയിൽ സ്തുത്യർഹ നേതൃത്വം നൽകിയത് വന്ദ്യ അച്ചനാണ്. ചാപ്പൽ ആദ്യം പലക മറ അടിച്ച ഒരു ഷെഡ് ആയിരുന്നുവല്ലോ? രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ കാണുന്ന ചാപ്പലിന്റെ പണി ആരംഭിച്ചു. കർഷകരായിരുന്ന തൂത്തുട്ടിക്കാർ വെട്ടുകല്ല് ചുമന്ന് കൊണ്ട് വന്ന് സ്വയം പണിയിൽ സഹകരിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇക്കാര്യത്തിലെല്ലാം വടക്കേപ്പറമ്പിലച്ചന്റെ നിത്യസാന്നിദ്ധ്യവും നേതൃത്വവും ഇവർക്ക് ഊർജ്ജമായിരുന്നു. 1979-ലാണ് വടക്കേ പറമ്പിൽ അച്ചൻ പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. അതിന് ശേഷം വന്ദ്യ അച്ചൻ തൂത്തുട്ടി ചാപ്പലിന്റെ വികാരി ആയി സേവനം അനുഷ്ഠിച്ചു. അന്ന് മലങ്കരയിലെ പള്ളികളിൽ അത്ര വ്യാപകം അല്ലാതിരുന്ന ആത്മീക വർദ്ധനയ്ക്കുതകുന്ന പല ആരാധനകളും അച്ചൻ ഈ കൊച്ചു ചാപ്പലിൽ ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും സന്ധ്യാ പ്രാർത്ഥന, വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഉപവാസ പ്രാർത്ഥന, മൂന്നു നോമ്പിൽ മൂന്നു ദിവസവും ഉപവാസ പ്രാർത്ഥനയും വൈകിട്ട് കൺവൻഷൻ പ്രസംഗവും, ആണ്ടാരംഭ ശുശ്രൂഷ എന്നിവ ഈ കൊച്ചു ചാപ്പലിൽ അന്നേ അച്ചൻ ആരംഭിച്ചവ ആണ്.

എല്ലാത്തിനുമുപരി ആളുകളെ തിരിച്ചറിയുന്ന നല്ല ഒരു ഇടയനായിരുന്നു വടക്കേ പറമ്പിലച്ചൻ. അമയന്നൂർ, തൂത്തുട്ടി, പറമ്പുകര, തിരുവഞ്ചൂർ പ്രദേശങ്ങളിലെ ഓരോ ഭവനവും അച്ചൻ സന്ദർശിക്കുമായിരുന്നു. ഭവന സന്ദർശനം വൈദീകരുടെ ഒരു കടമയാണ് എന്ന് അച്ചൻ വിശ്വസിച്ചിരുന്നു. ഓരോ വ്യക്തികളെയും പേർ ചൊല്ലി വിളിക്കാൻ അച്ചന് കഴിഞ്ഞിരുന്നു.

തലപ്പള്ളിയായ മണർകാട് വി. മർത്തമറിയം പള്ളിയുടെ സഹവികാരി കൂടിയായിരുന്നുവല്ലോ വന്ദ്യ അച്ചൻ. ചികിത്സാർത്ഥം അച്ചൻ തിരുവനന്തപുരത്ത് പോകേണ്ടി വന്നപ്പോൾ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ വികാരിയായും രണ്ടു വർഷം സേവനം അനുഷ്ഠി ച്ചിട്ടുണ്ട്. കേവലം 10 വർഷങ്ങൾ മാത്രം നീണ്ട വൈദീക ശുശ്രൂഷയിൽ അനേകരെ ദൈവീക മാർഗത്തിലേക്ക് തിരിപ്പിക്കുവാൻ അച്ചന് സാധിച്ചിട്ടുണ്ട്. ഇന്ന് തൂത്തുട്ടി ചാപ്പലിനുണ്ടായിട്ടുള്ള സകല വളർച്ചയുടെയും വിത്ത് പാകിയത് വന്ദ്യ വടക്കേ പറമ്പിൽ മാത്യൂസ് കശീശാ ആണെന്ന് നിശ്ശംശയം പറയാം.

SHARE THIS POST

COMMENTS

WORDPRESS: 0