HomeFeasts & Lents

എട്ടുനോമ്പ് പെരുന്നാളിന് ഒരുങ്ങി മണർകാട് പള്ളി:

റാസ സെപ്റ്റംബർ ആറിന് നട തുറക്കൽ ഏഴിന്

എട്ടുനോമ്പിന് ഒരുങ്ങി മണർകാട് പള്ളി: റാസ സെപ്റ്റംബർ ആറിന്; നടതുറക്കൽ ഏഴിന്…

കോട്ടയം : ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണം സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടത്തും. പെരുന്നാളിന്റെ ഭാഗമായി 8 കുടുംബങ്ങൾക്കു നിർമ്മിച്ചു നൽകുന്ന വീടുകളുടെ അടിസ്ഥാനശില കൈമാറൽ 4നു പൊതുസമ്മേളനത്തിൽ നടത്തും. കുരിശുപള്ളികളിലേക്കുള്ള ചരിത്രപ്രസിദ്ധമായ റാസ 6ന് ഉച്ചയ്ക്ക് 2ന്.

വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനു തുറക്കുന്ന ചരിത്രപ്രസിദ്ധമായ നടതുറക്കൽ 7നു രാവിലെ 11.30നാണ്. 8നു നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും. പെരുന്നാളിന്റെ ഭാഗമായി പള്ളിയിലെ വൈദ്യുതി ദീപാലങ്കാരങ്ങൾ ഒന്നു മുതൽ 14 വരെ ഉണ്ടാകും. നോമ്പ് ദിനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഒന്നു മുതൽ 7 വരെ നേർച്ചക്കഞ്ഞി വിതരണം ചെയ്യും.

പെരുന്നാൾ ചടങ്ങുകൾ

സെപ്റ്റംബർ ഒന്നിന് വൈകിട്ട് 4.30നു കൊടിമരം ഉയർത്തൽ. 4നു വൈകിട്ട് 6നു പൊതുസമ്മേളനം. അഭി.തോമസ് മാർ തിമോത്തിയോസിന്റെ അധ്യക്ഷതയിൽ മലങ്കര മെത്രാപ്പോലീത്ത അഭി.ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും.

വിശുദ്ധ മർത്തമറിയം സേവകസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം മന്ത്രി വി.എൻ.വാസവനും അനുഗ്രഹ പ്രഭാഷണം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മുഖ്യപ്രഭാഷണം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിർവഹിക്കും.

സെന്റ് മേരീസ് എച്ച്എസ്എസ് രജതജൂബിലി ആഘോഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 6ന് ഉച്ചയ്ക്ക് 2നു കുരിശുപള്ളികളിലേക്കുള്ള റാസ. 7നു രാവിലെ 11.30നു നടതുറക്കൽ, ഉച്ചയ്ക്ക് 1.30നു പന്തിരുനാഴി ഘോഷയാത്ര. രാത്രി 9.30നു വെടിക്കെട്ട്. 8നു 2ന് ആശീർവാദം, നേർച്ചവിളമ്പ്. ദിവസവും രാവിലെ 6നു കരോട്ടെ പള്ളിയിൽ കുർബാന. ദിവസവും രാവിലെ 8.30നു താഴത്തെ പള്ളിയിൽ മൂന്നിന്മേൽ കുർബാന.

സെപ്റ്റംബർ ഒന്നിന് അഭി. തോമസ് മാർ തിമോത്തിയോസ്, 2നു അഭി.സഖറിയാസ് മാർ പീലക്സിനോസ്, 3നു അഭി.കുര്യാക്കോസ് മാർ ക്ലിമ്മീസ്, 4നു അഭി. ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ്, 5നു അഭി.കുര്യാക്കോസ് മാർ ഇവാനിയോസ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും.

6നു രാവിലെ 8.30ന് അഞ്ചിന്മേൽ കുർബാന – ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ

7നു രാവിലെ 8.30നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. അഭി.മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത സഹകാർമ്മീകത്വം വഹിക്കും.

8നു രാവിലെ 8.30നു മൂന്നിന്മേൽ കുർബാന അഭി. കുര്യാക്കോസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ.

സെപ്റ്റംബർ 9 ന് അഭി.മാത്യൂസ് മോർ തേവോദോസിയോസ്, 10 ന് അഭി.ഏലിയാസ് മോർ യൂലിയോസ്, 11ന് അഭി.ഏലിയാസ് മോർ അത്താനാസിയോസ് 12ന് അഭി.പൗലോസ് മോർ ഐറേനിയസ് 13 ന് അഭി.എൽദോ മോർ തീത്തോസ്, 14ന് അഭി.യൂഹാനോൻ മോർ മിലിത്തിയോസ് എന്നീ മെത്രാപ്പോലീത്ത ൻമാരും വി.കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും.
സ്ലീബാ പെരുന്നാൾ ദിനമായ 14നു സന്ധ്യാ നമസ്കാരത്തെത്തുടർന്നു നട അടയ്ക്കും.

പെരുന്നാൾ ചടങ്ങുകൾ ഓൺലൈനിൽ ലൈവായി കാണുന്നതിനും ക്രമീകരണമുണ്ട്. വികാരി ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ, ട്രസ്റ്റിമാരായ എം.പി.മാത്യു, ബിജു പി.കോര, ആശിഷ് കുര്യൻ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

SHARE THIS POST

COMMENTS

WORDPRESS: 0