കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ വിളംബര സന്ദേശയാത്ര ദൈവാലയ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനമായി. തദ്ദേശ തെരഞ്ഞെടുപ്പ
കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ വിളംബര സന്ദേശയാത്ര ദൈവാലയ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പ്രകടനമായി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ വിശ്വാസികള്‍ ആരാണെന്നു സര്‍ക്കാരിനെയും പ്രതിപക്ഷത്തേയും മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചതായി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ക്‌നാനായ സുറിയാനി സഭയുടെ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സഭയെ കേരളത്തിലെ ഇതര ക്രൈസ്‌തവസഭയും സമൂഹവും മനസിലാക്കിക്കഴിഞ്ഞു. ഞങ്ങള്‍ രാഷ്‌്രടീയം പറയുകയില്ല. അവകാശം സംരക്ഷിക്കണമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. സര്‍ക്കാരിനോടു കടപ്പാടുണ്ട്. മണര്‍കാട് കത്തീഡ്രലില്‍ അവകാശം സ്‌ഥാപിച്ചു മറുവിഭാഗത്തെ ആര്‍ക്കെങ്കിലും വിശുദ്ധ കുര്‍ബാന ചൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വ്യാമോഹനം മാത്രമായിരിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവ. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കറുകയില്‍ അധ്യക്ഷതവഹിച്ചു. സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ്, സഖറിയാസ് മാര്‍ പീലക്‌സിനോസ്, ഐസക് മാര്‍ ഒസ്‌താത്തിയോസ്, ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് കടവുംഭാഗം, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. ജോര്‍ജ് പെരുമ്പട്ടത്ത്, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, ബര്‍ശിമോന്‍ റമ്പാന്‍, അനില്‍ കുര്യന്‍ നെച്ചിക്കാട്ട്, മണര്‍കാട് കത്തിഡ്രല്‍ ട്രസ്‌റ്റി ഷാജി പുതുമന, സെക്രട്ടറി തോമസ് രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ യാത്രയില്‍ വിവിധ ദൈവാലയങ്ങളിലെ പ്രതിഷേധങ്ങള്‍ പ്രകമ്പനങ്ങള്‍ കൊള്ളുന്ന റാലിയായി തീര്‍ന്നു. കോവിഡ് മാനദണ്ഡപ്രകാരം നടത്തിയ റാലിയില്‍ വിവിധ ദൈവാലയങ്ങളിലെ നൂറുകണക്കിനു വിശ്വാസികള്‍ അണിചേര്‍ന്നു.
മീനങ്ങാടിയില്‍നിന്നും ആരംഭിച്ച അവകാശസംരക്ഷണ യാത്രയ്‌ക്കു മുന്നോടിയായാണു ഭദ്രാസനത്തിലെ എല്ലാപള്ളികളെയും പങ്കെടുപ്പിച്ചു വിളംബരയാത്ര സന്ദേശ യാത്ര നടത്തിയത്. ഇന്നലെ നാലുന്നാക്കല്‍ സെന്റ് ആദായിസ് പള്ളിയില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ആശീര്‍വദിച്ച വിളംബര യാത്ര ഭദ്രാസനത്തിലെ കിഴക്കന്‍ മേഖലയിലെ പള്ളികളില്‍ സന്ദര്‍ശനം നടത്തി.
ശനിയാഴ്‌ച കുറിച്ചി സെന്റ് മേരീസ് പള്ളിയില്‍നിന്നും തുടങ്ങിയ വിളംബര യാത്ര പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ദൈവാലയങ്ങള്‍ സന്ദര്‍ശിച്ചു നീലിമംഗലം പള്ളിയില്‍ സമാപിച്ചിരുന്നു. ഇന്നലത്തെ വിവിധ ദൈവാലയങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തീമോത്തിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
COMMENTS