മണർകാട് പള്ളിയുടെ വല്യച്ഛൻ വെരി. റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ താൻ പ്രിയം വെച്ച നാഥന്റെ സന്നിധിയിലെക്ക് യാത്രയായി.
മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ വെരി റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) കർത്താവിൽ നിദ്ര പ്രാപിച്ചു.
1929 ഡിസംബർ 5 ന് ജനനം , 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു, തുടർന്ന് പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയിൽ നിന്നും കശ്ശിശ്ശ പട്ടവും, പുണ്യശ്ലോകനായ പെരുമ്പള്ളിയിൽ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.
പഴയിടത്തുവയലിൽ മാത്യൂ പി. എലിയാസ് കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു,ഏറെ കാലം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഹോസ്പിറ്റലിന്റെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ അന്നമ്മ കുര്യാക്കോസ്
മക്കൾ
Prof Dr E. K തോമസ് (Agri Economics Dept Head കേരള agri യൂണിവേഴ്സിറ്റി (Rtd), Prof Dr E.K മാത്യു (രജിസ്ട്രാർ, കേരള agri യൂണിവേഴ്സിറ്റി Rtd),
Prof E.K കുറിയാക്കോസ് (സെൻ്റ് മേരീസ് കോളേജ് മണർകാട് Rtd. പ്രിൻസിപ്പാൾ ) E.K എലിയാമ്മ,E.K അന്നമ്മ,
മരുമക്കൾ
ലൈലമ്മ തോമസ്, റജീന ജോർജ്, (BPCL Rtd); പരേതനായ സുകു ചുങ്കത്ത്, Prof Dr E V നൈബി (Rtd, Director of Academic & PG Studies കേരള agri യൂണിവേഴ്സിറ്റി), മേരി ജോൺ
വല്യച്ചന്റെ സംസ്കാര ശുശ്രൂഷ ക്രമീകരണം.
മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി വന്ദ്യ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ ക്രമീകരണം, ഭൗതികശരീരം 2026 ജൂൺ 14 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 03.00 ന് മണർകാട് ആശുപത്രിയിൽനിന്ന് വിലാപ യാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകുന്നതും, ജൂൺ 15 തിങ്കളാഴ്ച രാവിലെ 10.00 ന് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കുന്നതും തുടർന്ന് നഗരികാണിക്കലും, ദേവാലയത്തിലെ ശുശ്രൂഷയും,അനുസ്മരണവും, കബറടക്ക് ശുശ്രൂഷയും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിക്കുന്നു
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചൻ സൗമ്യതയുടെയും ആത്മീയ നേതൃത്വത്തിന്റെയും അനുകമ്പയുടെയും ജീവിക്കുന്ന പ്രതിരൂപമായിരുന്നു. അനുഗ്രഹപൂർണവും കർമ്മനിരതവുമായ അദ്ദേഹത്തിന്റെ ധന്യജീവിതം സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയായി നിലകൊള്ളുന്നു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ ഭക്തിയും സത്യവിശ്വാസത്തോടുള്ള അർപ്പണബോധവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്ര. വിശ്വാസത്തിലും സഭാഭക്തിയിലും ഒരിക്കലും വ്യതിചലിക്കാതെ ഇടവകയെ നയിച്ച ആത്മീയ വൈദികനായിരുന്നു അദ്ദേഹം. സത്യവിശ്വാസത്തിൽ മണർകാട് പള്ളിയെ ഉറപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണ്.
മെത്രാപ്പോലീത്തന്മാരോടും വൈദികരോടും സഭാ സ്ഥാനികളോടും വിശ്വാസസമൂഹത്തോടുമെല്ലാം അദ്ദേഹം പുലർത്തിയ സ്നേഹവും കരുതലും അസാധാരണമായിരുന്നു. മണർകാട് ദേശത്തിന് മുഴുവൻ ഒരു പിതാവിന്റെ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹത്തെ സമീപിച്ച എല്ലാവർക്കും ലഭിച്ചിരുന്നത് സ്നേഹപൂർണമായ സ്വീകരണവും ആത്മാർത്ഥമായ പരിഗണനയുമായിരുന്നു. പള്ളിയിലെ പൊതുയോഗങ്ങൾ മുതൽ വിവിധ ഭരണപരമായ ഉത്തരവാദിത്വങ്ങൾ വരെ അത്യന്തം വിവേകത്തോടെയും സമചിത്തതയോടെയും കൈകാര്യം ചെയ്ത അദ്ദേഹം എല്ലാവരുടെയും ആദരവും സ്നേഹവും ഒരുപോലെ നേടിയിരുന്നു.
മികച്ചൊരു കർഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു അദ്ദേഹം. മണർകാട് സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകനായും പിന്നീട് പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മാനേജരായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റായും അയർക്കുന്നം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം സമൂഹജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
സഭയുടെ ആരാധനാക്രമങ്ങളിലും ശുശ്രൂഷകളിലും അതീവ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം അനേകം വൈദികർക്കും വിശ്വാസികൾക്കും ഗുരുവും മാർഗദർശിയും ആയിരുന്നു. ദുർഘട സാഹചര്യങ്ങളെപ്പോലും ശാന്തമായൊരു പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിന്റെ മനഃസാന്നിധ്യവും ക്ഷമയും എല്ലാവരെയും ആകർഷിച്ചിരുന്നു.
മണർകാട് പള്ളിയുടെ ആത്മീയവും സ്ഥാപനപരവുമായ വളർച്ചയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. വിശ്വാസസംരക്ഷണത്തിന്റെയും സഭാസ്നേഹത്തിന്റെയും പ്രതീകമായി ജീവിച്ച അദ്ദേഹം, തന്റെ ജീവിതംകൊണ്ട് വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ അന്വർത്ഥമാക്കി: “ഞാൻ നല്ല പോർ പൊരുതി; ഓട്ടം തികച്ചു; വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അത് നീതിയുടെ ന്യായാധിപതി എനിക്ക് തരും” (2 തിമോത്തി 4:7-8). ആ വിശ്വാസസാക്ഷ്യത്തിന്റെ ഉടമയായ ഒരു ആചാര്യശ്രേഷ്ഠന്റെ ഭൗമിക തീർത്ഥയാത്രയാണ് ഇന്ന് സമാപിക്കുന്നത്. എന്നാൽ അദ്ദേഹം പകർന്ന വിശ്വാസദൃഢതയും സഭാഭക്തിയും സ്നേഹവും സേവനമനോഭാവവും തലമുറകളിലൂടെ തുടർന്നും ജീവിക്കും.
മണർകാട് പള്ളിയുടെ ആത്മീയ പാരമ്പര്യത്തിലും വിശ്വാസജീവിതത്തിലും അനശ്വരമായ ഒരു അധ്യായം രചിച്ച വന്ദ്യ ഇട്ട്യാടത്ത് കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചന്റെ വേർപാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണ്. വിശ്വാസത്തിൽ ഉറച്ചുനിന്ന വന്ദ്യ അച്ചൻ്റെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വല്യച്ചന് യാത്രയേകി ദേശം
ഇടവകയ്ക്ക് 13 ദിവസത്തെ നോമ്പും, ദുഃഖാചരണവും.
മണർകാട് ● ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും യാക്കോബായ സുറിയാനി സഭയിലെ മുതിർന്ന വൈദികനുമായ ഇ.റ്റി . കുര്യക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പായുടെ കബറടക്കം നടത്തി.
ശ്രേഷ്ഠ കാതോലിക്ക
ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവാ മുഖ്യ കാർമ്മികത്വം വഹിച്ചു. സഭയിലെ മെത്രാപോലീത്തമാരും വൈദികരും സഹകാർമ്മികത്വം വഹിച്ചു.
എപ്പോഴും നിറപുഞ്ചിരിയോടെ വിശ്വാസികൾക്കിടിയിൽ ആത്മീയ തേജസായി നിറഞ്ഞു നിന്നിരുന്ന വല്യച്ചന്റെ വേർപാട് നാടിന്റെ തീരാദുഃഖമായി മാറി. മണർകാട് ഇടവകയിൽ മാത്രമല്ല, നാനജാതിമതസ്ഥരായവരുടെ ഇടയിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയും സ്വാധീനവും ഉണ്ടായിരുന്നു. മണർകാടിന്റെ വല്യച്ചന് യാത്രയേകാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഒഴുകിയെത്തി. രാഷ്ട്രീയ സാംസ്കാരിക സാമുധായിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ ഭവനത്തിലും പള്ളിയും എത്തി കോർ എപ്പിസ്കോപ്പായുടെ വിയോഗത്തിൽ അനുശോചിച്ചു.
കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ചെന്നിക്കര മുഖ്യമന്ത്രിയുടെ അനുസ്മരണ സന്ദേശം വായിച്ചു. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിലും പ്രത്യാശയിലും ജീവിച്ച ശ്രേഷ്ഠ വൈദികനായിരുന്നു ഇ.റ്റി . കുര്യക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ എന്ന് മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ അനുസ്മരണ കുറുപ്പിൽ പറഞ്ഞു.
ജീവിതത്തിലുടനീളം നന്മ വിതറിയിട്ടാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. എന്നാൽ അദ്ദേഹം സമൂഹത്തിന് നൽകിയ നന്മകൾ അത്യന്തം ശോഭയോടെ എന്നും നിലനിൽക്കുമെന്നും മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഞായറാഴ്ച്ച കോർ എപ്പിസ്കോപ്പായുടെ വീട്ടിലെത്തി സംസ്ഥാന സർക്കാരിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു. താൻ കോട്ടയത്ത് എം.പി യായിരുന്ന കാലം മുതലുള്ള ബന്ധമാണ് വല്യച്ചനുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. മണർകാട് പള്ളിയിലെ വികാരിയെന്ന നിലയിൽ എല്ലാവർക്കും സ്നേഹവും സൗഹൃദവും പകർന്ന് നൽകിയ മഹാത്മാവായിരുന്നു അദ്ദേഹം. വളരെയേറെ ശ്രേയസ്കരമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, കുറിയാക്കോസ് മോർ തെയോഫീലോസ്, ഗീവർഗീസ് മോർ ദിവനാസിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, ഏലിയാസ് മോർ അത്താനാസിയോസ് യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഓസ്താത്തിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമസ്, സഖറിയാസ് മോർ പീലക്സീനോസ്, മാത്യൂസ് മോർ തീമോത്തിയോസ്, മാത്യൂസ് മോർ അന്തിമോസ്, കുറിയാക്കോസ് മോർ ക്ലീമിസ്, കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, ഏലിയാസ് മോർ യൂലിയോസ്, ഗീവർഗീസ് മോർ കൂറിലോസ്, മാർത്തോമാ സഭ കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ്, യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ അൽമായ ട്രസ്റ്റി തമ്പു ജോർജ്ജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു, മണർകാട് ദേവീക്ഷേത്ര ഭരണസമിതി സെക്രട്ടറി പി. മോഹന ചന്ദ്രൻ നായർ,
കേരള നിയമസഭ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.സി.സി പ്രസിഡന്റ് കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, മന്ത്രിമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ് എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുൻമന്ത്രി വി.എൻ. വാസവൻ, സുരേഷ്കുറുപ്പ്, തോമസ് ചാഴിക്കാടൻ, റെജി സഖറിയാ,
എൻ ഹരി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്,ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കെ. അനിൽ കുമാർ, എൻ. ഹരി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ഫിൽസൺ മാത്യുസ്, ജെയ്ക് സി. തോമസ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ജി. പാലക്കലോടി, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, വൈസ് പ്രസിഡന്റ് പ്രസാദ് കുന്നേൽ തുടങ്ങിയ പ്രമുഖർ വിവിധ ദിവസങ്ങളിൽ കോർ എപ്പിസ്കോപ്പായുടെ ഭവനത്തിലും പള്ളിയിലും എത്തി അന്ത്യോപചാരം അർപ്പിച്ചു.
വൈദികരുടെ സംസ്കാരത്തിന്റെ അഞ്ചാം ക്രമം വരെ ഞായറാഴ്ച്ച ഭവനത്തിൽ നടത്തി. ആറ്, ഏഴ് ക്രമങ്ങൾ ഇന്നലെ ഭവനത്തിനുള്ളിൽ നടത്തിയ ശേഷം എട്ടാം ക്രമം ഭവനാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.തുടർന്ന് അച്ചന്റെ ഭൗതീകദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഭവനത്തിൽനിന്ന് ആരംഭിച്ച് കാവുംപടി – മണർകാട് പള്ളി ജംഗ്ഷൻ – കണിയാംകുന്ന് കുരിശുപള്ളി വഴി മണർകാട് കുരിശുപള്ളിയിലെത്തി.
അവിടെ പ്രാർഥനകൾക്ക് ശേഷം കത്തീഡ്രൽ പള്ളിയിൽ എത്തി. തുടർന്ന് ധൂപ പ്രാർത്ഥനക്ക് ശേഷം അനുസ്മരണ യോഗവും , കബറടക്ക ശുശ്രൂഷയും വിടവാങ്ങൽ ശുശ്രൂഷയും നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമ്മികത്വം വഹിച്ചു. സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്താമരും വൈദികരും സഹകാർമ്മികത്വം വഹിച്ചു.
കരോട്ടെ പള്ളിയിലേക്കുള്ള അനുയാത്ര ആരംഭിച്ചു. കരോട്ടെ പള്ളിയിലെത്തി വിടവാങ്ങൾ ശുശ്രൂഷകൾക്ക് ശേഷം കബറടക്കം നടത്തി. തുടർന്ന് ധൂപപ്രാർഥനയോടെ സംസ്കാര ചടങ്ങുകൾ സമാപിച്ചു. കോട്ടയം ഭദ്രാസനാധിപനും ഇടവക മെത്രാപോലീത്തയുമായ തോമസ് മോർ തീമോത്തിയോസ് ഇന്നലെ മുതൽ 13 ദിവസത്തെക്ക് നോമ്പും,ദുഃഖാചരണവും ഇടവകയ്ക്ക് കല്പ്പിച്ചിട്ടുണ്ട്.


COMMENTS