മണര്‍കാട് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത

മണര്‍കാട് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയും, കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനുമായ റവ. ഫാ. കുറിയാക്കോസ് കാലായിൽ (72) പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കല്പനപ്രകാരം കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായിൽനിന്നും കോര്‍ എപ്പിസ്‌കോപ്പാ സ്ഥാനം സ്വീകരിക്കുന്നു.
2026 ജൂലൈ 10 വെള്ളിയാഴ്ച മണര്‍കാട് പള്ളിയിൽ നടക്കുന്ന ശുശ്രൂഷയിൽ വെട്ടിക്കുന്നേൽ കുടുംബാംഗവും കോഴിക്കോട് ഭദ്രാസനാധിപനുമായ അഭിവന്ദ്യ പൗലോസ് മാർ ഐറേനിയസ് മെത്രാപ്പോലീത്താ സംബന്ധിക്കും.
ജനനവും വൈദിക ശുശ്രൂഷയും
പൗരോഹിത്യ പാരമ്പര്യമുള്ള പകലോമറ്റം വെട്ടിക്കുന്നേൽ കാലായിൽ കെ.എം കുര്യന്റെയും മറിയാമ്മയുടെയും പുത്രനായി 1954 നവംബർ 08 ന് ജനനം. മലേക്കുരിശ്, പെരുമ്പള്ളി ദയറാകളിൽ വൈദിക വിദ്യാഭ്യാസം.
1976 ജൂലൈ 26 ന് മലേകുരിശ് ദയറായിൽവച്ച് തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയിൽനിന്ന് ശെമ്മാശപട്ടവും 1982 ജൂൺ 27 നു മണർകാട് പള്ളിയിൽവച്ച് കോട്ടയം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽനിന്ന് കശീശാ സ്ഥാനവും സ്വീകരിച്ചു. 1982 മുതൽ മണർകാട് പള്ളിയിൽ സഹവികാരി.
കോട്ടയം ഭദ്രാസനത്തിലെ കുമ്മനം സെന്റ് ജോർജ്, പങ്ങട സെൻ്റ് മേരിസ്, ഉള്ളായം സെന്റ് ജോർജ്, തിരുവഞ്ചൂർ സെൻ്റ് തോമസ്, തുത്തൂട്ടി മോർ ഗ്രിഗോറിയോസ്, ഒളശ്ശ സെന്റ് ജോൺസ്, എറികാട് സെന്റ് മേരീസ്, വെള്ളൂർ സെന്റ് തോമസ്, പാറമ്പുഴ സെന്റ് ജോൺസ്, ഞാലിയാകുഴി സെന്റ് ഇഗ്നാത്യോസ്, മീനടം സെന്റ് മേരീസ്, പുതുപ്പള്ളി സെന്റ് ജോർജ് പാത്രിയർക്കാപള്ളി, പൊത്തൻപുറം സെന്റ് ഇഗ്നാത്യോസ് എന്നീ ദേവാലയങ്ങളിൽ വികാരിയായിരുന്നു.
2010 ൽ വിശുദ്ധനാട് സന്ദർശനത്തോടനുബന്ധിച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായെ സന്ദർശിക്കുവാനും സെഹിയോൻ മാളികയിൽ വി. കുർബ്ബാന അർപ്പിക്കുവാനും ഭാഗ്യമുണ്ടായി.
സാമൂഹിക സഭാ പ്രവർത്തനങ്ങൾ
വെട്ടിക്കുന്നേൽ കുടുംബയോഗം വൈസ്പ്രസിഡന്റ്, പറമ്പുകര സെന്റ് മേരിസ് പ്രാർത്ഥനായോഗം പ്രസിഡന്റ്, മാലം സെന്റ് മേരീസ് സണ്ടേസ്ക്കൂൾ അധ്യാപകൻ, കേരള കൗൺസിൽ ഓഫ് ചർച്ചസ് അയർക്കുന്നം മേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
മണർകാട് സെന്റ് മേരീസ് കോളജ് മാനേജർ, സെന്റ് മേരീസ് ഹോസ്‌പിറ്റൽ പ്രസിഡന്റ്, പള്ളി സേവക സംഘം പ്രസിഡന്റ്, യൂത്ത് അസോസിയേഷൻ പ്രസിഡന്റ്, ബൈബിൾ സൊസൈറ്റി മണർകാട് ബ്രാഞ്ച് പ്രസിഡന്റ്, കെ.സി.സി എക്യൂമിനിക്കൽ യൂത്ത് ഫെലോഷിപ്പ് കോട്ടയം ജില്ലാ പ്രസിഡന്റ് പോലെ വിവിധ കർമ്മമേഖലകൾ.
രചനകളും ഗാനങ്ങളും
കല്ലടയിൽ കബറടങ്ങിയിരിക്കുന്ന മോർ അന്ത്രയോസ് ബാവായുടെ ജീവചരിത്രം, സഭാപ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ, ദേവാലയങ്ങളിൽ ദൈവമാതാവിനോടുള്ള മധ്യസ്‌ഥ പ്രാർത്ഥനയിൽ ആലപിക്കുന്ന ‘മറിയാമുര ചെയ്‌തത് കേൾപ്പിൻ… (1978), ‘മണർകാട് പള്ളി സേവകാസംഘം പുറത്തിറക്കിയ ‘കരുണതേടി’ കാസറ്റിലെ കെസ്‌റ്റർ ആലപിച്ച ‘പാപി നിന്നെതേടി വരുന്നിതാ… അടക്കം ഗാനങ്ങൾ രചനകളിൽ ചിലത്.
ഭാര്യ: ഓമന കുര്യാക്കോസ് (വെട്ടച്ചേരിലായ തോട്ടത്തിമലയിൽ, കീഴ്‌വായ്‌പൂർ, മല്ലപ്പളളി),
മക്കൾ: അരുൺ കുര്യാക്കോസ് (ഹെഡ്മാസ്റ്റർ, സെൻറ് മേരീസ് യു.പി സ്‌കൂൾ, മീനടം നോർത്ത്) ഡോ.അലൻ കുര്യാക്കോസ് (അസിസ്‌റ്റന്റ് പ്രൊഫസർ, മരിയൻ കോളജ്, കുട്ടിക്കാനം)
മരുമക്കൾ: സുബി അരുൺ (എം.ഒ.ഇ മുൻനേഴ്സ്, കുവൈറ്റ്), അക്കു മറിയം ജോൺ (അധ്യാപിക, മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ, കളത്തിപ്പടി)
കൊച്ചുമക്കൾ: ഐനാ മറിയം അരുൺ, ഐൻ കുര്യാക്കോസ് അരുൺ, അലിസ മറിയം അലൻ, എയ്ദൻ കുര്യൻ അലൻ.
ദീർഘകാലം മണർകാട് വി മർത്തമറിയം യൂത്ത് അസ്സോസിയേഷന്റെ പ്രസിഡന്റായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച വന്ദ്യ കാലായിൽ അച്ചന്റെ ഈ സ്ഥാനലബ്ധിയിൽ യൂത്ത് അസ്സോസിയേഷനും, കോലോ സുറിയൊയൊക്കും ഉള്ള അതിയായ സന്തോഷവും അറിയിച്ചുകൊണ്ട്, അച്ചന് എല്ലാ വിധമായ ആശംസകളും നേരുന്നു
💐💐
സ്നേഹാദരങ്ങൾ… പ്രാർത്ഥനാശംസകൾ…

COMMENTS