HomeNewsDiocese News

മണർകാട് കത്തീഡ്രലിൽ പാത്രിയർക്കീസ് ബാവായ്ക്ക് പ്രൗഢോജ്വല സ്വീകരണം; വിശുദ്ധ കുർബാന അർപ്പിച്ചു

           മണർകാട് (കോട്ടയം): അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന 123-ാമത് പിൻഗാമിയു

          

മണർകാട് (കോട്ടയം): അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന 123-ാമത് പിൻഗാമിയും ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കര സഭയുടെ തലപ്പള്ളിയും അന്ത്യോഖ്യയുടെ മലർവാടിയുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തിനിർഭരവും ആവേശകരവുമായ സ്വീകരണം നൽകി.

ഞായറാഴ്ച രാവിലെ ഒൻപതുമണിയോടെ (9.15-ന്) പള്ളിക്കവലയിലെത്തിയ പരിശുദ്ധ പിതാവിനെ കിഴക്കുവശത്തുള്ള കവാടത്തിൽ ഇടവകയുടെ നേതൃത്വത്തിൽ വിശ്വാസസമൂഹം എതിരേറ്റു. തുടർന്ന്, തിങ്ങിനിറഞ്ഞ വിശ്വാസികൾക്കിടയിലൂടെ തുറന്ന ജീപ്പിൽ ബാവായെ ദേവാലയത്തിലേക്ക് ആനയിച്ചു. ഇരുവശവും തടിച്ചുകൂടി നിന്ന നൂറുകണക്കിന് വിശ്വാസികളെ പരിശുദ്ധ ബാവാ ആശീർവദിച്ചു.

തുടർന്ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായും സഭയിലെ മെത്രാപ്പോലീത്താമാരും ശുശ്രൂഷകളിൽ സഹകാർമികരായി. പള്ളിമുറ്റത്ത് 30,000-ത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണമുള്ള താൽക്കാലിക പന്തലിലും കൂടുതൽ എൽ.ഇ.ഡി. ഡിസ്‌പ്ലേ സംവിധാനങ്ങളിലൂടെയുമാണ് വിശ്വാസികൾ കുർബാന ദർശിച്ചത്.

       

പ്രധാന കർമ്മങ്ങളും ഉദ്ഘാടനങ്ങളും: വിശുദ്ധ കുർബാനയ്ക്കുശേഷം കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന പൊതുസമ്മേളനത്തിൽ ബാവാ വിശ്വാസികളെ ആശീർവദിച്ചു. ചടങ്ങിൽ വെച്ച് താഴെ പറയുന്ന സുപ്രധാന കർമ്മങ്ങളും അദ്ദേഹം നിർവഹിച്ചു:

  • കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ലോഗോ പ്രകാശനം.

  • മണർകാട് സെന്റ് മേരീസ് കോളേജിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം.

  • മാലം കരയിൽ പുതുതായി പണികഴിപ്പിച്ച കുരിശിൻ തൊട്ടിയിൽ സ്ഥാപിക്കുന്നതിനുള്ള വിശുദ്ധ കുരിശിന്റെ ആശീർവാദം.

നിയമപോരാട്ടങ്ങളും സുരക്ഷാ ക്രമീകരണങ്ങളും: പാത്രിയർക്കീസ് ബാവാ മണർകാട് പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം കോടതിയെ സമീപിച്ചിരുന്നെങ്കിലും, കുർബാന അർപ്പിക്കുന്നതിന് തടസ്സമില്ലെന്ന നിയമോപദേശം സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചതും, പാത്രിയർക്കീസിനെ തടയണമെന്ന ഹർജി കോട്ടയം സബ് കോടതി തള്ളിയതും യാക്കോബായ സഭക്ക് കൂടുതൽ കരുത്തേകി.

          

ഡി.വൈ.എസ്.പി. റിജോ പി. ജോസഫിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കാനായി സ്ഥലത്തെത്തിയിരുന്നു. ഇടവക വികാരി വെരി. റവ. കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ വെരി. റവ. ജെ. മാത്യു കോർ എപ്പിസ്കോപ്പ മണവത്ത്, ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരി, കോഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിറവത്തറ, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പി.എ. പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

SHARE THIS POST

COMMENTS

WORDPRESS: 0