HomeNewsChurch News

മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ എട്ടുനോമ്പ്‌ പെരുന്നാളിന്‌ ഒരുക്കം തുടങ്ങി

പ്രധാന ചടങ്ങുകള്‍ www.manarcadstmaryschurch.org എന്ന വെബ്‌സൈറ്റിലും യൂടൂബിലും ഫെയ്‌സ്‌ബുക്കിലും തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.

മണര്‍കാട്‌: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാളിന്‌ ഒരുക്കം തുടങ്ങി.

കോവിഡ്‌ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു, പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക്‌ മുടക്കം വരാതെ പെരുന്നാള്‍ നടത്താനാണു കത്തീഡ്രല്‍ മാനേജിങ്ങ്‌ കമ്മിറ്റി തീരുമാനം. സെപ്‌റ്റംബര്‍ ഒന്നിന്‌ ഉച്ചകഴിഞ്ഞ്‌ നാലിന്‌ കൊടിമരം ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിയ്‌ക്കും. സഭയിലെ മെത്രാപ്പോലീത്താമാരുടെ പ്രധാനകാര്‍മ്മികത്വത്തില്‍ ഒന്നു മുതല്‍ 14 വരെ കുര്‍ബാന നടത്തും. ഇ.ടി.കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്‌, കെ. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്‌, കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ്‌ കാലായില്‍, ഫാ. ജെ. മാത്യൂസ്‌ മണവത്ത്‌, ആന്‍ഡ്രൂസ്‌ ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എം.ഐ തോമസ്‌ മറ്റത്തില്‍, ഫാ. കെ.എം. ജോര്‍ജ്‌ കുന്നേല്‍, ഫാ. ഷെറി ഐസക്‌ പൈലിത്താനം, കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ മാലിയില്‍ എന്നീ വൈദീകര്‍ സഹകാര്‍മിത്വവും വഹിക്കും.

കോവിഡ്‌ പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ച്‌ മാത്രമായിരിക്കും ഒന്ന്‌ മുതല്‍ പെരുന്നാള്‍ ദിവസമായ എട്ടു വരെ കരോട്ടെ പള്ളിയിലും കത്തീഡ്രല്‍ പള്ളിയിലും കുര്‍ബാനയും ധ്യാനപ്രസംഗങ്ങളും നടത്തുക. സെപ്‌റ്റംബര്‍ ഏഴിന്‌ മധ്യാഹ്‌ന പ്രാര്‍ത്ഥനയോടെ ചരിത്ര പ്രസിദ്ധമായ നട തുറക്കല്‍ ശുശ്രൂഷ നടക്കും. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പൊതുദര്‍ശനത്തിന്‌ തുറക്കുന്ന ചടങ്ങാണ്‌ നടതുറക്കല്‍. എട്ടിന്‌ കുര്‍ബാന, റാസ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. സ്ലീബാ പെരുന്നാള്‍ ദിവസമായ സെപ്‌റ്റംബര്‍ 14ന്‌ സന്ധ്യാ പ്രാര്‍ത്ഥനയോടുകൂടി നട അടയ്‌ക്കല്‍ നടത്തപ്പെടുമെന്ന്‌ കത്തീഡ്രല്‍ വികാരി ഇ.ടി കുര്യാക്കോസ്‌ കോര്‍എപ്പിസ്‌കോപ്പാ ഇട്ട്യാടത്ത്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. എം.ഐ. തോമസ്‌ മറ്റത്തില്‍, ട്രസ്‌റ്റിമാരായ മാത്യു ജേക്കബ്‌, ഷാജി മാത്യു, മെല്‍വിന്‍ ടി കുരുവിള, സെക്രട്ടറി തോമസ്‌ രാജന്‍ എന്നിവര്‍ അറിയിച്ചു.

പ്രധാന ചടങ്ങുകള്‍ www.manarcadstmaryschurch.org എന്ന വെബ്‌സൈറ്റിലും യൂടൂബിലും ഫെയ്‌സ്‌ബുക്കിലും തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.

SHARE THIS POST

COMMENTS

WORDPRESS: 0