HomeArticles

കൂദാശകൾ ‘ഷോ’കളാക്കരുത്

തിരുമേനി അവതരിപ്പിക്കുന്ന മൂന്നിന്മേൽ കുർബ്ബാനയുടെ ലിങ്ക്... മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്ത് അനുഗ്രഹം പ്രാപിക്കൂ".

മലങ്കരയിലെ പ്രശസ്തമായൊരു ദൈവാലയത്തിലെ പെരുന്നാൾ കുർബ്ബാനയുടെ ലിങ്ക് ഫെയ്സ്ബുക്കിൽ കാണാനിടയായി. മാക്സിമം ലൈക്കും കമന്റും കിട്ടുക എന്ന ലക്ഷ്യത്തോടെ അത് ഷെയർ ചെയ്ത നിഷ്കളങ്കനായ ഒരു പത്താം ക്ലാസുകാരൻ പയ്യൻ അതിനൊരു അടിക്കുറിപ്പും ചേർത്തെഴുതി ഷെയർ ചെയ്തു. അടിക്കുറിപ്പ് ഇങ്ങനെയാണ്. “ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് ഞങ്ങളുടെ പള്ളിയിൽ അഭിവന്ദ്യ (പേരെഴുതുന്നില്ല) തിരുമേനി അവതരിപ്പിക്കുന്ന മൂന്നിന്മേൽ കുർബ്ബാനയുടെ ലിങ്ക്… മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്ത് അനുഗ്രഹം പ്രാപിക്കൂ”. അവതരിപ്പിക്കാൻ ഇത് നാടകമാണോ? ഇടയ്ക്കിടെ ചില രംഗങ്ങൾ കഴിയുമ്പോൾ കർട്ടൻ വലിക്കുന്നതൊക്കെ നാടകത്തിനല്ലേ? അവന്റെ അറിവിന്റെ പക്വതയനുസരിച്ച് അവൻ ചെയ്തു. അല്ലെങ്കിലും ആത്മീയ അറിവ് ആര് പകർന്നുകൊടുക്കാനാ? ആ പാവം പയ്യനെ ഫോണിൽ വിളിച്ച് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ ആ അടിക്കുറിപ്പ് മാറ്റി. അവനോട് അച്ചാച്ചന്മാർ പറഞ്ഞു നമ്മുടെ റാസയും പെരുന്നാളുമെല്ലാം ഒന്ന് ഷെയർ ചെയ്ത് കൊഴുപ്പിക്കാൻ. പാവം പയ്യനാകട്ടെ, അവനാലാവും വിധം അവനും ചെയ്തു.

പലയിടത്തും പെരുന്നാളിന് പള്ളിയിൽപ്പോലും കയറാതെ ചില യുവാക്കൾ മൊബൈലും, ലാപ്ടോപ്പും, ഹൈ സ്പീഡ് ഇന്റർനെറ്റും മറ്റ് വിലകൂടിയ ക്യാമറകളുമായി പല രംഗങ്ങളും ഒപ്പിയെടുക്കാൻ ശ്രദ്ധയോടെ നിൽക്കുന്ന ആ നിൽപ്പൊന്നു കാണാനുള്ളതാ. ഈ യുവാക്കളുടെ ശ്രദ്ധയെല്ലാം ആ വിശുദ്ധ കുർബ്ബാനയിലായിരുന്നെങ്കിൽ ഇത്തരം പെരുന്നാളുകൾകൊണ്ട് അനുഗ്രഹം ലഭിക്കുമായിരുന്നു. ഒരു പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് ചില യുവാക്കൾ അപ്പവും ചിക്കനുമൊക്കെ തട്ടിയിട്ട്, ഭക്ഷണത്തിന് ശേഷവും മടങ്ങിയില്ല. അവർ പള്ളിയുടെ ചുറ്റും കൂടിയിരുന്നു. അവരുടെ ഇരിപ്പ് കണ്ടിട്ട് ‘വീട്ടിൽ പോകുന്നില്ലേയെന്ന്’ വികാരി ചോദിച്ചു. ‘സഹദാ പട്ടാളക്കാരനായിരുന്നു, അതുകൊണ്ട് (പട്ടാളക്കാർക്ക് മാസാമാസം ലഭിക്കുന്ന മദ്യക്കുപ്പി) ക്വാട്ടാ വല്ലതുമുണ്ടോ എന്നറിയാൻ ഇവിടെയിരിക്കുവാ അച്ചോ’ എന്ന് വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷകനായ പയ്യൻ മറുപടിയും കൊടുത്തു. ‘ഞാനെടുത്ത ഫോട്ടോ അവനും അവനെടുത്ത ഫോട്ടോ എനിക്കും പരസ്പരം കൈമാറാനുണ്ടച്ചോ’ എന്ന് മറ്റൊരുത്തൻ പറഞ്ഞു. ഇതെല്ലാം ഒരുമിച്ചു ശേഖരിച്ച് പല ഗ്രൂപ്പുകളിലും ഇനിയും ഷെയർ ചെയ്യാനാണ്പോലും! എന്തത്ഭുതം!

മാത്രമല്ല, അടുത്ത കാലങ്ങളിൽ സോഷ്യൽ മീഡിയയിൽ തെളിയുന്ന ചില അടിക്കുറിപ്പുകൾ ചുവടെ കുറിക്കുന്നു.
“വാനീന്നുടയോൻ കൈയാൽ
മകുടം ഘോഷമിറങ്ങുന്നു,
മണവാളനെ ആചാര്യൻ
അണിയിക്കും മകുടം രമ്യം”
“വിവാഹ കൂദാശയിലെ കിരീടം വാഴ്വ്” ബഹു. അച്ചന്റെ സ്വർഗ്ഗീയ ശബ്ദത്താൽ….
(മധുര ശബ്ദത്താൽ….. അനുഗ്രഹീത ശബ്ദത്താൽ….. കാതടപ്പിക്കുന്ന ശബ്ദത്താൽ……. ആറ് വ്യത്യസ്ത ഭാഷകളിൽ…… എന്നൊക്കെ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്ന വീഡിയോകൾ കാണുവാനിടയായി. അടുത്തകാലത്തായി കണ്ടുവരുന്ന മറ്റൊരു പ്രവണത ബഹു.അച്ചന്റെ മധുരസ്വരത്താൽ / ഇമ്പകരമായ / സർഗ്ഗീയ നാദത്താൽ ആലപിച്ച ഹൂത്തോമോ / പ്രൊമ്യോയോൻ / വി.കുർബാന എന്നൊക്കെ. ലൈക്കിനും കമന്റിനുംവേണ്ടി നല്ല ശബ്ദമുള്ള ചില ഗായകസംഘക്കാരും പ്രൊമ്യോൻ-സെദ്റായും ഏവഗേല്യോനും ഹൂത്തോമ്മോയുമൊക്കെ ചൊല്ലാറുണ്ടെന്ന് പറയുന്നു. സംഗീതത്തോട് താല്പര്യമുള്ള വൈദികരിൽ ചുരുക്കം ചിലർ രഹസ്യമായി ഗായകസംഘത്തിൽ പാടിത്തിളങ്ങി സൂപ്പർ സ്റ്റാറായവരുടെയടുത്തു പോയി നീട്ടി ചൊല്ലാൻ പ്രത്യേകം പരിശീലനം നേടുന്നുണ്ടെന്നും പറയുന്നു. എന്നിട്ടും അവരുടെ ലൈക്കിന്റെ എണ്ണം കൂടുന്നില്ലെന്നതും സങ്കടമാണ്. പഴയകാലത്ത് ഒരു മൈക്ക്പോലുമില്ലാതെ ഉച്ചത്തിൽ ചൊല്ലിയിരുന്ന പാവം വൈദികശ്രേഷ്ഠരെ നമിക്കുന്നു. ശരിക്കുമൊന്ന് ആലോചിച്ചു നോക്കൂ. എവിടേക്കാണ് നമ്മുടെ ആത്മീയത കൂപ്പുകുത്തുന്നത്? കൂദാശകൾ ഒരിക്കലും ഭാഷാ പരേഡുകളാക്കി മാറ്റരുത്. ഇവിടെ ഒരു സംശയം ബാക്കി നിൽക്കുന്നു. ഞാൻ ഒരു ഇടറിയ ശബ്ദത്താൽ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ലേ? എവിടേക്കാണ് നമ്മുടെ “ദൈവീക അനുഭവ ശാസ്ത്രം” വഴിമാറുന്നത്? ഇവിടെ കൂദാശകൾ/ പ്രാർത്ഥനകൾ കേവലം അവതരിപ്പിക്കലായി മാറുന്നില്ല?

“കൂദാശ” എന്ന സുറിയാനി പദത്തിന് “വിശുദ്ധീകരിക്കൽ” എന്നാണർഥം. കൂദാശകളിലൂടെ ദൈവത്തിന്റെ സാന്നിധ്യവും പ്രവർത്തനവും വഴി മനുഷ്യനുൾപ്പെടെയുള്ള ദൈവസൃഷ്ടികൾ വിശുദ്ധീകരിക്കപ്പെടുന്നു എന്നാണ് ക്രൈസ്തവ വിശ്വാസം. കൂദാശയെന്ന ആശയം സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം “രഹസ്യം” എന്നാണ്. കൂദാശയുടെ നിര്‍വ്വചനം ഈ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നുണ്ട്. എല്ലാ കൂദാശകളുടെയും ലക്ഷ്യം ദൈവസൃഷ്ടിയുടെ വിശുദ്ധീകരണമാണ്. പൗരസ്ത്യ ദൈവശാസ്ത്ര വീക്ഷണത്തിൽ കൂദാശകൾ രഹസ്യങ്ങളാണ്. “റാസ” എന്ന സുറിയാനി പദത്തിന്റെ അർത്ഥം “രഹസ്യം” എന്നാണ്.

ആരാധനയിൽ ജഡമോഹങ്ങൾക്ക് കീഴ്പ്പെടരുത്.

ജഡമോഹങ്ങൾ നമ്മെ പാപത്തിലേക്ക് നയിക്കുന്നു. ”ആകയാല്‍ ജഡമോഹങ്ങൾ നിങ്ങളെ കീഴ്‌പ്പെടുത്തുവാൻ തക്കവിധം പാപം നിങ്ങളുടെ മർത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ”. (റോമർ 6:12). കൂദാശയുടെ വിശുദ്ധി യഥാർത്ഥമായ, കപടതയില്ലാത്ത ആരാധനയാണെന്ന് ദൈവം നമ്മളോടു പറയുന്നു. ”നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവ ബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന”. (റോമാ 12:1). അസാന്മാർഗ്ഗികതയിൽനിന്നുള്ള സമ്പൂർണ്ണമായ വിടുതൽ വിശുദ്ധി പാലിക്കുവാൻ അനിവാര്യമാണ്. സന്മാർഗ്ഗത്തിന് നിരക്കാത്ത ചിന്തകൾപോലും വിശുദ്ധിയുടെ പാതയിലെ വലിയ തടസ്സങ്ങളാണ്. അവയിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുവാൻ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. കൂദാശയെന്നത് ഭാഷാ പരിജ്ഞാനം പ്രകടിപ്പിക്കുന്നതോ ഇമ്പകരമായ സ്വരമാധുരി പ്രകടിപ്പിക്കുന്നതോ ആക്കി മാറ്റുന്നത് കാർമ്മികൻ ജഡമോഹങ്ങൾക്ക് കീഴ്പ്പെടുന്നതുകൊണ്ടാണ്. ”നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസന്മാർഗ്ഗികതയിൽനിന്നും നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങളോരോരുത്തരും സ്വന്തശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണം. വികാരങ്ങൾക്ക് നിങ്ങൾ വിധേയരാകരുത്. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. കൂദാശകളിലെ കാർമ്മികൻ ദൈവമാണ്. ഓരോ കൂദാശകൾ അനുഷ്ഠിക്കുമ്പോഴും മനസ്സിന്റെയും ഹൃദയത്തിന്റെയും വിശുദ്ധീകരണം അനിവാര്യം. മനുഷ്യന് ദൈവം നൽകിയ അനുഗ്രഹീത ശബ്ദത്താൽ നമ്മുടെ ഹൃദയ വിചാരങ്ങളെ ദൈവമായ കർത്താവിന്റെ സ്വർഗ്ഗീയ മഹോന്നതങ്ങളിലേക്ക് ഉയർത്തുന്ന അനുഭവമാകണം ആരാധന. കർത്താവ് ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്‌ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു”. (യെശയ്യാവു 6:⁠1). യഹോവയാം ദൈവം തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്‌ എന്ന ബോധ്യം നഷ്ടമാകുമ്പോൾ ഈ ബഹുഭാഷാ കസർത്തുകളൊക്കെ സ്വാഭാവികം മാത്രം.

“റോസോ” അഥവാ “രഹസ്യം” ആണ് കൂദാശകൾ. കാർമ്മികൻ ദൈവമാണ്. പുരോഹിതൻ ദൈവത്തിന്റെ സ്ഥാനാപതി മാത്രം. പുരോഹിതന്റെ ഭാഷാ നൈപുണ്യമോ, ചൊലുത്തുകളോ, നടനവൈഭവമോ, അഭിനയ ചാരുതയോ ഒന്നും കൂദാശകളിൽ മുഴച്ചു നിൽക്കരുത്. “കൂദോശോ”, “സാക്രമെന്റ്”, “മിസ്റ്റീരിയോൺ” അഥവാ വിശുദ്ധ കൂദാശകൾ “സഭയുടെ വിശുദ്ധ രഹസ്യങ്ങൾ” എന്ന അർത്ഥതലങ്ങളിൽ വളരെ വലുതായ അടിസ്ഥാനമുണ്ട്. “അദൃശ്യകൃപകളുടെ ദൃശ്യോപാധികൾ” അല്ലെങ്കിൽ “ദൃശ്യസൂചകങ്ങൾ” എന്നരീതികളിൽ മനുഷ്യന്റെ നിർവചനങ്ങളിൽ പരിമിതപ്പെടുത്താവുന്ന ഒന്നല്ല അത്. മനുഷ്യന്റെ ആത്മരക്ഷക്കായി പ്രകൃതിയിൽ നിന്നുള്ള രൂപകങ്ങളെ ഉപാധികളാക്കി മാറ്റി വക്രീകരിക്കുവാൻ ശ്രമിക്കുന്ന “രഹസ്യം” ഒരിക്കലും ആത്മാവിൽ സമർപ്പിക്കുന്ന ആത്മാർത്ഥമായ കൃത്യമാവില്ല. ദൈവസാന്നിധ്യം കൊണ്ട് നിറയുന്ന, ദൈവതേജസ്സിലേക്ക് രൂപാന്തരപെടുത്തുന്ന അനുഭവമായിരിക്കണം കൂദാശകൾ. കഥയറിയാതെ ആട്ടം കാണുന്ന നടനവേദികളായി കൂദാശകളെ മാറ്റുവാൻ ശ്രമിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തും. തട്ടും, മുട്ടും, കോട്ടും, പാട്ടും, കവണിയുമണിഞ്ഞുകൊണ്ട് കേവലം ഉപരിപ്ലവും, നൈമിഷികവും, അപക്വവുമായ ശബ്ദ കോലാഹലം കൊണ്ട് താൽക്കാലിക സംതൃപ്തി നൽകുന്നുവെന്ന പ്രതീതിയുളവാക്കുന്ന പുത്തൻ സമ്പ്രദാങ്ങളാക്കി കൂദാശകൾ മാറ്റിമറിക്കരുത്.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ.
7561080241.

SHARE THIS POST