HomeArticlesSaints

ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ

The Dormition of the Mother of God is a Great Feast of the Eastern Orthodox, Oriental Orthodox and Eastern Catholic Churches

ഡീ:ഷിബു ഈപ്പൻ; ഇലഞ്ഞിത്തറ

കർത്താവിൽ പ്രിയരേ,
നാളെ, ശുദ്ധമുള്ള ശൂനോയോ നോമ്പ്‌ (ആഗസ്റ്റ്‌ 1-15) സമാരംഭിക്കുന്നു.
പരിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട്‌ അനുബന്തിച്ചുള്ള പതിനഞ്ചു ദിവസത്തെ ഈ നോമ്പു വി. സഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണു.
ശൂനോയോ എന്നാൽ വാങ്ങിപ്പ്‌ എന്നും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ നീക്കപ്പെടുക, എടുത്തു മാറ്റുക എന്നാണു അർത്ഥം. സ്വർഗ്ഗാരോഹണം എന്ന് ഇതിനർത്ഥമില്ല. പുതിയ നിയമ ചരിത്രത്തിൽ സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത്‌ നമ്മുടെ കർത്താവു മാത്രമാണു ഇതാണു നാം ശുദ്ധമുള്ള “സൂലോക്കോ” പെരുന്നാളായി ആചരിക്കുന്നത്‌ സൂലോക്കോ എന്നാൽ കയറിപ്പോവുക, ആരോഹണം ചെയ്യുക എന്നിങ്ങനെയാണു അർത്ഥം. ആകയാൽ ശു. ശൂനോയോ പെരുന്നാൾ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളാണു, സ്വർഗ്ഗാരോഹണ പെരുന്നാൾ അല്ല.
നമ്മുടെ മണർകാട്‌ പള്ളിയിൽ ഈ നോമ്പിനു തലനോമ്പ്‌ എന്നും പേരു പറയും കാരണം പരി.ദൈവമാതാവിന്റെ ജനനപെരുന്നാളായ ശുദ്ധമുള്ള എട്ട്‌ നോമ്പ്‌ പെരുന്നാളിനു മുമ്പ്‌ വരുന്ന കാനോനിക നോമ്പാകയാൽ എട്ട്‌ നോമ്പ്‌ നോൽക്കുവാൻ ആഗ്രഹിക്കുന്നവർ എല്ലാവരും നിർബന്തമായും ഈ തലനോമ്പ്‌ ആചരിക്കണം എന്ന് പിതാക്കന്മാർ കൽപ്പിച്ച്‌ പഠിപ്പിച്ചിരുന്നു.

പരി:അമ്മയുടെ വാങ്ങിപ്പിനെ സംബന്തിച്ച പാരമ്പര്യം:-
ക്രിസ്താബ്ദ്ം 75)-ം ആണ്ടിൽ തന്റെ 92)-ം വയസ്സിൽ ദൈവ മാതാവായ പരിശുദ്ധ കന്യക മറിയാം അമ്മ എഫേസൂസ്സിൽ വച്ച്‌ മഹാപരിനിര്യാണം പ്രാപിച്ചു. വി. യോഹന്നാൽ ശ്ലീഹായുടെ കാർമ്മികത്വത്തിൽ എഫേസൂസ്‌ സഭ ഒന്നടങ്കം നമ്മുടെ കർത്താവു ആരിൽ നിന്ന് തന്റെ ജീവൽപ്രദമായ ശരീരം സ്വീകരിച്ചുവോ ആ ദിവ്യ കന്യകയുടെ ശരീരം ഉചിത ബഹുമാനത്തോടെ കബറടക്കം ചെയ്തു. സുവിശേഷ ഘോഷണാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നവരും രക്തസാക്ഷിത്വം വഹിച്ചവരുമായ ശ്ലീഹർഗണം ഒന്നടങ്കം ഓയാറിൽ എടുക്കപ്പെട്ടവരായി തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്നു. വിദൂര ഭാരതത്തിൽ ആയിരുന്ന വി. തോമാശ്ലീഹ മാത്രം എത്തുവാൻ താമസിച്ചു. സഹശിഷ്യന്മാർ ആയതിൽ ഖിന്നരായിരുന്നു. തോമാ ഓയാറിൽ കടന്നു വരുമ്പോൾ ശിഷ്യന്മാർ എന്തു പറയണം എന്നറിയാതെ മ്ലാന വദനരായി നിന്നു. എന്നാൽ തോമസ് സന്തോഷ ചിത്താനായി കടന്നു വന്ന് പറഞ്ഞു . താൻ ഓയാറിൽ എടുക്കപ്പെട്ടവനായി വരുമ്പോൾ സ്വർഗ്ഗീയ സേനകൾ പരി:അമ്മയുടെ ശരീരം സ്വർഗ്ഗത്തിലേക്ക്‌ എടുത്തുകൊണ്ട് പോകുന്നതു കാണുകയും മഹാ വിലാപത്തോടെ താൻ കരങ്ങൾ നീട്ടിയപ്പോൾ അമ്മ സ്വന്ത കരങ്ങൾ കൊണ്ട്‌ നെയ്ത്‌ നിത്യം ധരിച്ചിരുന്ന പരി.സൂനോറോ (ഇടക്കെട്ട്‌) അമ്മയുടെ മകൻ തനിക്ക്‌ സമ്മാനിച്ച്‌ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ വാക്കുകൾ കേട്ട ശിഷ്യ ഗണം വി.തോമായോടു കൂടെ തിരു കബർ തുറന്ന് പരിശോധിക്കുകയും സുഗന്ധപൂരിതമായ പേടകം ശൂന്യമായിരിക്കുന്നത്‌ കാണുകയും ചെയ്തു. താൻ ആരിൽ നിന്ന് ശരീരം പ്രാപിച്ചുവോ ആ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ നമ്മുടെ കർത്താവ്‌ സ്വർഗ്ഗത്തിലേക്ക്‌ എടുത്തുകൊണ്ട്‌ പോയ ദിനമാണു നാം ശുദ്ധമുള്ള ശൂനോയൊ പെരുന്നാളായി കൊണ്ടാടുന്നത്‌.

പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ നമുക്ക്‌ കോട്ടയും അഭയസ്ഥാനവും ആയിരിക്കട്ടെ.

SHARE THIS POST

COMMENTS

WORDPRESS: 0